മനക്കൊടിയിലെ വയോധികരായ സഹോദരങ്ങളെ പുനരധിവാസ കേന്ദ്രത്തിലാക്കി

അരിമ്പൂർ: ശാരീരികമായും മാനസികമായും തളർന്ന വയോധികരായ സഹോദരങ്ങളെ അരിമ്പൂർ ഗ്രാമപഞ്ചായത്തും, സാമൂഹ്യ നീതിവകുപ്പും ചേർന്ന് പുനരധിവാസ കേന്ദ്രത്തിലാക്കി. മനക്കൊടി തെക്കുമുറിയിൽ തൈവളപ്പിൽ ഗോപാലൻ മകൾ കമല (70), സഹോദരൻ സുബ്രഹ്മണ്യൻ (60) എന്നിവരാണ് അവശതയിൽ കഴിഞ്ഞിരുന്നത്. സുബ്രഹ്മണ്യൻ മാനസിക രോഗിയാണ്. സഹോദരി കമലക്ക് ശാരീരിക അവശതകളും ഓർമ്മക്കുറവും ഉണ്ട്. രണ്ടു പേരും അവിവാഹിതരാണ്.

നാട്ടുകാരും ബന്ധുവും ചേർന്നാണ് ഇവരെ പരിപാലിച്ചിരുന്നത്. കമലയുടെ സഹോദരി പുത്രൻ സുനിൽ ഇവരെ സംരക്ഷിക്കാൻ കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച്ച ഇവരെ ആശുപത്രിയിൽ പരിചരിച്ചതും, ആസ്പത്രി ബിൽ ഒരു ലക്ഷത്തോളം അടച്ചതും ഇദേഹമാണ്. ജോലി സംബന്ധമായ കാര്യങ്ങളിൽ ഇദ്ദേഹത്തിന് എത്താൻ പറ്റാതായതോടെ ഇവരുടെ കാര്യങ്ങളും അവതാളത്തിലായി. തുടർന്നും നാട്ടുകാർ ഭക്ഷണമെത്തിച്ചും മറ്റും ഇവർക്ക് താങ്ങായി കൂടെ നിന്നു.

ഇവർക്ക് സ്ഥിരമായ സുരക്ഷ ഒരുക്കുന്നതിന് വേണ്ടി വാർഡംഗം കെ.രാഗേഷിന്റെ നേതൃത്വത്തിൽ സഹോദരങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി അന്തിക്കാട് എസ്എച്ച്ഒ അനീഷ് കരീമിന് കത്ത് നൽകി. തുടർന്ന് പൊതു പ്രവർത്തകയും സാമൂഹ്യനീതി വകുപ്പ് കൗൺസിലറുമായ മാലാ രമണന്റെ നേതൃത്വത്തിൽ കമലയെയും, സുബ്രഹ്മണ്യനെയും വയോധികർക്കായുള്ള ചേലക്കരയിലുള്ള ഗായത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ അമ്മ വീട്ടിലേക്ക് എത്തിച്ചു.

അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, അന്തിക്കാട് ബ്ലോക്ക് അംഗം കെ.കെ. ശശിധരൻ, സാമൂഹ്യ നീതി വകുപ്പ് കോഡിനേറ്റർ സിനി പോൾ, ജനമൈത്രി ബീറ്റ് ഓഫീസർ രതീഷ് എം.ടി., തുടങ്ങിയവർ സന്നിഹിതരായിരുന്നു.


Comments